സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു

ന്യൂഡൽഹി: സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മഹാരാഷ്ട്രയിലെ വാർധയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സിന്ധുതായിക്ക് സാമൂഹ്യ പ്രവർത്തനത്തിനാണ് പത്മ അവാർഡ് ലഭിച്ചത്.
മായി എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന സിന്ധുതായി സപ്കൽ രണ്ടായിരത്തോളം അനാഥർക്ക് തണലായി. ബന്ധുക്കൾ ഉപേക്ഷിച്ച ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ സിന്ധുതായ് സപ്കൽ അമ്മയാണ്. നാൽപ്പത്തിയഞ്ച് വർഷത്തിനിടെ 1500−ലധികം അനാഥ കുട്ടികളെയാണ് ഇവർ ദത്തെടുത്ത് വളർത്തിയത്. മഹാരാഷ്ട്രാ സർക്കാരിന്‍റെ അഹിൽയാബായി ഹോൾക്കർ പുരസ്ക്കാരമടക്കം 270−ലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഇവരുടെ ജീവിതത്തെ ആധാരമാക്കി 2010−ൽ മീ സിന്ധുതായി സപ്കാൽ (ഞാൻ സിന്ധുതായി സപ്കാൽ) എന്ന മറാഠി ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.