കുനൂരിലെ ഹെലികോപ്റ്റർ‍ അപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി


ഊട്ടി: കുനൂരിൽ‍ അപടത്തിൽ‍പ്പെട്ട സൈനിക ഹെലികോപ്റ്ററിൽ‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റർ‍ അപകടത്തിൽ‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോർ‍ഡർ‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവിൽ‍ പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യോമസേന ഉദ്യോഗസ്ഥർ‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിംഗ് കമാൻഡർ‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകർ‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി. ഹെലികോപ്റ്ററിന്റെ റോട്ടർ‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളിൽ‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്സാക്ഷികൾ‍ പറയുന്നത്. 

ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ‍ പറത്തിയത് പരിചയ സന്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങൾ‍ വ്യക്തമാക്കുന്നത്. പ്രാഥമികമായ വിവരശേഖരണ റിപ്പോർ‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നൽ‍കിയിരുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങളിൽ‍ കൂടുതൽ‍ വ്യക്തത വരും. അപകടത്തിൽ‍പ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകൾ‍ റിപ്പോർ‍ട്ടിൽ‍ പരാമർ‍ശിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റർ‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ‍ ബിപിൻ റാവത്ത് ഉൾ‍പ്പെടെ 14 പേർ‍ അപകടത്തിൽ‍പ്പെട്ടത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾ‍പ്പെടെ 13 പേരും അപകടത്തിൽ‍ മരിച്ചു. ഹെലികോപ്റ്റർ‍ പൂർ‍ണമായും കത്തി നശിച്ചിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed