സംയുക്ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം; മരണം 11 ആയി

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ അപകടത്തിൽ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിപിൻ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിംഗ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റർ തകർന്നത്. ലാൻഡിംഗിന് പത്തു കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. ബിപിൻ റാവത്തിന് പുറമേ, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, എൻ.കെ. ഗുർസേവക് സിംഗ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.