ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവി കസ്റ്റഡിയിൽ

മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ വിവാദ സാക്ഷി പ്രൈവറ്റ് ഡിക്റ്ററ്റീവ് കിരൺ ഗോസാവി കസ്റ്റഡിയിൽ. പൂനെ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2018ലെ തൊഴിൽ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഗോസാവി ഒളിവിൽ പോവുകയായിരുന്നു. മഹാരാഷ്ട്ര പോലീസിൽ തനിക്ക് ഭയമുള്ളതിനാൽ ഉത്തർപ്രദേശ് പോലീസിൽ കീഴടങ്ങാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിൽ എൻസിബി പരിശോധന നടത്തുന്പോൾ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യനോടൊപ്പം ഗോസാവിയെടുത്ത സെൽഫിയും വൈറലായിരുന്നു. ഗോസാവി ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇടനില നിന്നുവെന്ന് മറ്റൊരു സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.