റിട്ട. അധ്യാപക ദന്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ റിട്ട. അധ്യാപക ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കു−കിഴക്കൻ ഡൽഹിയിലെ ഗോവിന്ദപുരി മേഖലയിലാണ് സംഭവം. രാകേഷ് കുമാർ ജയിൻ (74), ഭാര്യ ഉഷ (69) എന്നിവരാണ് മരിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ഇരുവരെയും കാര്യമായി അലട്ടിയിരുന്നു. ഇതിൽ മനംനൊന്ത് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വീടിനുള്ളിൽ സ്റ്റീൽ പൈപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ മനംമടുത്തുവെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന ദന്പതികളുടെ കുറിപ്പ് പോലീസിന് വീടിനുള്ളിൽ നിന്നും ലഭിച്ചിട്ടുണ്ട്. 

ദന്പതികൾക്ക് സഹായിയായി നിന്നിരുന്ന അജിത് എന്നയാളാണ് ആദ്യം സംഭവമറിയുന്നത്. ഇയാൾ വീട്ടിൽ എത്തി കോളിംഗ് ബെൽ മുഴക്കിയിട്ടും പ്രതികരണം ഉണ്ടാകാതെ വന്നതോടെ മകൾ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് പൂട്ട് തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് മൃതദേങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. യുപിയിലെ ഗോണ്ടയിൽ വച്ച് കഴിഞ്ഞ് വർഷമാണ് ദന്പതികൾക്ക് അപകടമുണ്ടായത്. ഭർത്താവ് രാകേഷിന് നട്ടെല്ലിനും ഭാര്യ ഉഷയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലൂടെ ചെറിയ തോതിൽ നടക്കാൻ തുടങ്ങിയെങ്കിലും ഇരുവരും മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

You might also like

Most Viewed