ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്ന് സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം

മുംബൈ; ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ തനിക്ക് കത്തയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് പറഞ്ഞത്. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നടന്ന ലഹരിവേട്ടയെ കുറിച്ചാണ് കത്തിലെ പരാമര്‍ശം. ചോദ്യംചെയ്യാനായി വിളിപ്പിച്ച ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റിയ ചക്രബർത്തി, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ തുടങ്ങിയവരിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ പണം തട്ടിയെന്നാണ് ആരോപണം. കേസില്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് എൻസിബി ഡിജിയുടെ അധിക ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താനയ്ക്ക് നല്‍കിയെന്നും കത്തില്‍ പറയുന്നു.