പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു



അമൃത്സ‍ർ: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡൻ്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദ‍ർ സിംഗ് രാജിവയ്ക്കുകയും പുതിയ സ‍ർക്കാർ അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന് രാജിക്കത്തിൽ കുറിച്ചാണ് സിദ്ദു പാ‍ർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ച‍ർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂ‍ർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.
'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിൻ്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോണ്ഗ്രസിൽ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു.

You might also like

Most Viewed