ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ സബ്‌സിഡി, രജിസ്‌ട്രേഷൻ സൗജന്യം
അഹമ്മദാബാദ്: കൂടുതൽ ഉപഭാക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കാനായി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. പെട്രോൾ / ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശനാണ്യം ലാഭിക്കുക, ഗുജറാത്തിലെ മലിനീകരണം കുറയ്ക്കുക എന്നിങ്ങനെ ഒന്നിലധികം ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് രൂപാണി നയ പ്രഖ്യാപനം നടത്തിയത്.
അടുത്ത നാല് വർഷത്തിനുള്ളിൽ ഗുജറാത്ത് റോഡുകളിൽ കുറഞ്ഞത് രണ്ട് ലക്ഷം ഇ−വാഹനങ്ങൾ വേണമെന്ന് ലക്ഷ്യമിട്ടുള്ള പോളിസി ഇരുചക്രവാഹനങ്ങൾ, ത്രീ വീലറുകൾ, ഫോർ വീലറുകൾ എന്നിവ വാങ്ങുന്നതിന് സബ്‌സിഡി നൽകുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനായി 870 കോടി മാറ്റിവെച്ചുള്ള പദ്ധതികളാണ് ഗുജറാത്ത് ഒരുക്കുന്നത്. പോളിസി പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപയും ത്രീ വീലറുകൾക്ക് 50,000 രൂപയും നാലുചക്ര വാഹനങ്ങൾക്ക് 1.50 ലക്ഷം രൂപയും സബ്‌സിഡി നൽകും. 1.5 ലക്ഷം അല്ലെങ്കിൽ കിലോവാട്ടിന് 10,000 രൂപ വീതമായിരിക്കും ഇലക്ട്രിക് കാറുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡിയെന്നാണ് ഇലക്ട്രിക് വാഹന നയത്തിൽ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്‌ട്രേഷൻ ഫീസിൽ ഇളവ് നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യമാണ് ഗുജറാത്ത് നൽകുന്നത്.
സംസ്ഥാനത്ത് പുതിയതായി 250 ഇലക്ട്രിക് വാഹന ചാർജിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. 278 ചാർജിങ്ങ് സെന്ററുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. നാല് വർഷത്തിനുള്ളിൽ ആകെ ചാർജിങ്ങ് സെന്ററുകൾ 578 ആയി ഉയർത്തും. പെട്രോൾ പന്പുകളിൽ ചാർജിങ്ങ് സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കും. ഇലക്ട്രിക് ചാർജിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള മുതൽമുടക്കിന്റെ 25 ശതമാനം തുകയും സബ്‌സിഡി നൽകുമെന്നാണ് വിവരം.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ സർക്കാർ പിന്തുണ ഉറപ്പാക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ കാർബൺ എമിഷൻ ആറ് ലക്ഷം ടൺ ആയി കുറയ്ക്കുകയും അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കുകയും ചെയ്യണമെന്നും ഇലക്ട്രിക് നയത്തിൽ പറയുന്നു. ഗുജറാത്തിലെ മറ്റ് വ്യവസായങ്ങൾക്കൊപ്പം ഇലക്ട്രിക് വാഹന ഹബ്ബായി ഉയർത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

