ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ; കേസെടുക്കാൻ നീക്കം

ന്യൂഡൽഹി: ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. ട്വിറ്റിന് നൽകിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് ഐടി നിയമപ്രകാരം പുതിയ മാനദണ്ധങ്ങൾ അനുസരിക്കാൻ അവസാന അവസരം നൽകി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ മന്ത്രാലയത്തിന്‍റെ നോട്ടീസുകൾക്ക് ട്വിറ്റർ പ്രതികരണം നടത്തിയില്ലെന്നും, ഈ നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നും കത്തിലുണ്ട്. പുതിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മന്ത്രാലയത്തിന് വിവരങ്ങൾ നൽകാൻ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്. മറുപടി അനുസരിച്ചായിരിക്കും തുടർമറുപടികൾ എന്നും നോട്ടീസിൽ കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത പക്ഷം ട്വിറ്ററിന് സോഷ്യൽ മീഡിയ എന്ന നിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നാണ് നോട്ടീസ് പറയുന്നത്.
ബുധനാഴ്ച ഡൽഹി ഹൈക്കോടതിയും സർക്കാരിന്‍റെ ഐടി നയങ്ങൾ അനുസരിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കോടതിയിൽ ട്വിറ്റർ ഉറപ്പും നൽകിയിരുന്നു.