മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ചു; അഞ്ച് പേർ മരിച്ചു


പൂനെ: മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ച അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവർ, നൂതൻ പത്തരത്കർ, ഗണേഷ് നന്ദേക്കർ, സന്തോഷ് മെഹർ, സുനിൽ ധെങ്കലെ എന്നിവരാണ് മരിച്ചത്. കൊറോണ വ്യാപനം തടയാൻ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ മഹാരാഷ്ട്രയിൽ മദ്യം ലഭിക്കാത്ത അവസ്ഥയായിരുന്നു. തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ദത്ത ലഞ്ചേവർ (47) സാനിറ്റൈസർ കുടിച്ചത്. അവശനിലയിലായതോടെ വാനി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസർ കഴിച്ച മറ്റൊരാൾക്കും അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് പുലർച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ലോക് ഡൗൺ സമയത്തും ഇത്തരത്തിൽ മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. 2020 ജൂലൈയിൽ ആന്ധ്രയിൽ സാനിറ്റൈസർ കഴിച്ച് 10 പേരാണ് മരിച്ചത്. 

65 70% ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർക്കുന്നു. ഇതിൽ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേർത്തു ലഹരിക്കായി ഉപയോഗിക്കുന്നെന്നാണ് റിപ്പോർട്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്.

സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ വ്രണം, മുറിവ്, രക്തസ്രാവം എന്നിവയുണ്ടാകും. കട്ടി കുറഞ്ഞ ശ്ലേഷ്മ സ്തരത്തിന് പരുക്കുമുണ്ടാകും. മാരകമായ രക്തസ്രാവത്തിനും ഇത് ഇടയാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed