വ്യാജവാർത്തയ്ക്ക് പിന്നാലെ മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജന് അനുശോചനം അറിയിച്ച് ശശി തരൂരിന്റെ ട്വീറ്റ്

ന്യൂഡൽഹി: വ്യാജവാർത്ത വിശ്വസിച്ച് അനുശോചനം അറിയിച്ച ശശി തരൂർ എംപിക്ക് മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജന്‍റെ മറുപടി. തന്‍റെ മരണം പ്രഖ്യാപിക്കാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് അവർ ചോദിച്ചു. കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു. തരൂരിന് തന്‍റെ കുടുംബം മറുപടി നൽകിയിട്ടുണ്ടെന്നും സുമിത്ര മഹാജൻ പറഞ്ഞു. സുമത്ര മഹാജൻ മരണപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടന്നിരുന്നു. ഇതിൽ വിശ്വസിച്ച് തരൂർ ട്വീറ്റ് ചെയ്തു.
എന്നാൽ വ്യാജപ്രചരണം സുമിത്ര മഹാജന്‍റെ കുടുംബം നിഷേധിച്ചതിന് പിന്നാലെ തരൂർ ഖേദം പ്രകടിപ്പിച്ചു. അനുശോചന ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. തനിക്ക് വിശ്വസിനീയമായ ഇടത്തിൽനിന്നുമാണ് മരിച്ചെന്ന സന്ദേശം ലഭിക്കുന്നത്. തന്‍റെ ട്വീറ്റ് പിൻവലിക്കുകയാണെന്നും ഇത് പ്രചരിപ്പിക്കരുതെന്നും തരൂർ അഭ്യർഥിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണ് സുമിത്ര മഹാജൻ. ഇവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കുടുംബം നൽകുന്ന വിവരം.