രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീംകോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്സിജൻ വിതരണം, വാക്സിനേഷൻ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയിൽ കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച് കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റീസ് നിയമിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. 

ഹൈക്കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന ഈ കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റിയേക്കും എന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. കോവിഡ് കൈകാര്യം ചെയ്തതിൽ സർക്കാരുകൾക്കുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡൽഹി, അലഹബാദ് ഹൈക്കോടതികൾ രൂക്ഷവിമർശം ഉന്നയിച്ചിരുന്നു. മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നുണ്ട്. വിരമിക്കുന്നതിനു മുന്പുള്ള ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ അവസാന പ്രവർത്തി ദിവസമാണ് നാളെ.

You might also like

  • NEC

Most Viewed