സോളാർ‍ തട്ടിപ്പ്: സരിത എസ് നായർ റിമാൻഡിൽ


കോഴിക്കോട്: സോളാർ‍ തട്ടിപ്പു കേസിൽ‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാൻഡ് ചെയ്തത്. ചെക്ക് കേസിൽ‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർ‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടർ‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്ത കോഴിക്കോട് കസബ പൊലീസ് ഉച്ചയോടെ അവരെ കോടതിയിൽ‍ ഹാജരാക്കി. നിരവധി കോടതികൾ‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിതയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി കടുത്ത വിമർ‍ശനങ്ങൾ‍ക്ക് ഇടയാക്കിയിരുന്നു.

സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്നയാളിൽനിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അനാരോഗ്യം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയെ അറിയിച്ചിരുന്നത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശി അബ്ദുൾ‍ മജീദിന്റെ കയ്യിൽ‍നിന്ന് പണം തട്ടിയെന്ന  കേസിൽ‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളിൽ‍ സോളാറിന്റെ ഫ്രാഞ്ചൈസി നൽ‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുൾ‍ മജീദ് കേസുമായി മുന്നോട്ടുപോയി.

2018ൽ‍ വിചാരണ പൂർ‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടർ‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസിൽ‍ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയിൽ‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീർ‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരൻ വഴങ്ങിയില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed