എൻ.വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസാകും
ന്യൂഡൽഹി: ജസ്റ്റീസ് എൻ.വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസാകും. രമണയെ ചീഫ് ജസ്റ്റീസ് ആയി നിയമിക്കണമെന്നുള്ള ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ രമണയുടെ പേർ ശിപാർശ ചെയ്ത് കത്തയച്ചിരുന്നു. ഈ മാസം 23നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിരമിക്കും. ഏപ്രിൽ 24നു രാജ്യത്തിന്‍റെ 48 ാമത് ചീഫ് ജസ്റ്റീസായി എൻ.വി രമണ സ്ഥാനമേൽക്കും.
2022 ഓഗസ്റ്റ് 26 വരെ ഇദ്ദേഹത്തിനു കാലാവധിയുണ്ട്. ആന്ധ്ര സ്വദേശിയായ ജസ്റ്റീസ് എൻ.വി. രമണ, 2014 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായത്. 2000 ജൂണ്‍ 27ന് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായ ഇദ്ദേഹം, 2013ൽ ആന്ധ്ര ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും 2013 സെപ്റ്റംബർ മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചു.

