കൊറോണ വൈറസ്സിന്റെ മറ്റൊരു വകഭേതം മഹാരാഷ്ട്രയിൽ; അതിതീവ്ര വ്യാപന വൈറസ്സെന്ന് കണ്ടെത്തൽ


മുംബൈ: കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം മഹാരാഷ്ട്രയിൽ കണ്ടെത്തിയതായി ശാസ്ത്രലോകം. വളരെ വേഗം പടർന്നുപിടിക്കുന്ന അതിതീവ്ര വൈറസാണ് ഇവയെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമരാവതി, അകോല, യവത്മൽ ജില്ലകളിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകൾ ലഭിച്ചത്. രോഗം സ്ഥിരീകരിച്ച് വളരെ വേഗം തന്നെ അത് ന്യുമോണിയയായി മാറും. അമരാവതിയിലും യവത്മലിലും മൂന്ന് പേർക്ക് വീതവും അകോലയിൽ രണ്ട് പേരിലുമാണ് വൈറസിന്റെ വകഭേദം സംശയിക്കുന്നത്. ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. രോഗം സ്ഥിരീകരിച്ചവരുമായ് സന്പർക്കത്തിൽ ഏർപ്പെട്ടവരേയും പ്രത്യേകം ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

പുതിയ വൈറസിന്റെ സ്വഭാവം നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടിപി ലഹാനെ പറഞ്ഞു. പുതിയ വൈറസിന്റെ തീവ്രത തിരിച്ചറിയാനുള്ള പരീക്ഷണങ്ങൾ പ്രാരംഭഘട്ടത്തിലാണ്. കൂടുതൽ പഠനം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാകാം വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണം. കൊറോണയുടെ പുതിയ വകഭേദം രോഗികൾ കൂടാൻ ഇടയാക്കിയെന്ന് പറയാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed