ഇന്ത്യയുടെ കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി


ന്യൂഡൽഹി ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചു. 12 സംസ്ഥാനങ്ങളിലെ 25 നഗരങ്ങളില്‍ 25,000 മുതല്‍ 26,000 വോളന്റിയര്‍മാര്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കാളികളാകും. ഇതിനു വേണ്ടിയുള്ള വോളന്റിയര്‍മാരുടെ റിക്രൂട്ട്‌മെന്റ് ഈ മാസം ആരംഭിക്കുമെന്ന് വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.

ആയിരത്തോളം വോളന്റിയര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ കോവാക്‌സീന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. ഇതിന്റെ ഇടക്കാല ഡേറ്റ ഭാരത് ബയോടെക് സമര്‍പ്പിച്ചതോടെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍(ഡിസിജിഐ) നിന്ന് അനുമതി ലഭിച്ചത്. അതേ സമയം രണ്ടാം ഘട്ട പരീക്ഷണത്തിന്റെ സുരക്ഷയെയും പ്രതിരോധ പ്രതികരണത്തെയും സംബന്ധിച്ച സമ്പൂര്‍ണ ഡേറ്റ സമര്‍പ്പിക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യ ഘട്ട പരീക്ഷണം ജൂലൈയിലും രണ്ടാം ഘട്ട പരീക്ഷണം സെപ്റ്റംബറിലുമാണ് ആരംഭിച്ചത്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലും വോളന്റിയര്‍മാരില്‍ ഉണ്ടായിട്ടില്ലെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും ഭാരത് ബയോടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അവകാശപ്പെട്ടു.
മൂന്നാം ഘട്ടത്തില്‍ വോളന്റിയര്‍മാര്‍ക്ക് 0.5 മില്ലിലീറ്റര്‍ ഡോസ് വീതം 28 ദിവസത്തെ ഇടവേളയില്‍ നല്‍കും. 2021 ആദ്യ പാദത്തിന്റെ അവസാനത്തോടെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ കാര്യക്ഷമതയെ സംബന്ധിച്ച ഡേറ്റ ലഭ്യമാകുമെന്ന് കരുതുന്നു. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed