അതിർത്തി തർക്കം: ഇന്ത്യ ചൈന ചർച്ചയിലെ പ്രധാന ധാരണകൾ

മോസ്കോ: കിഴക്കൻ ലഡാക്കിൽ നീണ്ടുനിൽക്കുന്ന സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചർച്ചയിൽ ധാരണ. ഇതിനായി അഞ്ച് ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിച്ചേർന്നത്. രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ കരാറുകളും കീഴ്‌വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കുക, അകലം പാലിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനമെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവനയിറക്കി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി മോസ്ക്കോയിൽ ഷാംഗ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെയാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. ചർച്ചയിൽ, അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ്.ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ ഉടൻ ചർച്ച നടത്താൻ ധാരണയായിട്ടുണ്ട്.
തിങ്കളാഴ്ച പാങ്ങോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടന്നത്. പാങ്ങോംഗ് തടാ കത്തിലെ ഫിംഗർ പോയിന്‍റ് മൂന്നിനോട് ചേർന്നാണു ചൈനയുടെ വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതേസമയം അതിർത്തിയിൽ ഇന്ത്യ വ്യോമനിരീക്ഷണം ശക്തമാക്കി. സുഖോയ്, മിഗ് വിമാനങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ചൈനയ്ക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ യാണ് ഇന്ത്യ വ്യോമാഭ്യാസം ശക്തമാക്കിയത്.