കോവിഡ് കാലത്ത് ബഹ്റൈനിൽ നിന്ന് ഇന്ത്യയിൽ എത്തിയത് 24500 പേർ മാത്രം

മനാമ : ബഹ്റൈനിൽ കോവിഡ് ബാധ രൂക്ഷമായതിന് ശേഷം ഇന്ത്യയിലേയ്ക്ക് പോയത് 24500 പേരാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ 75 വന്ദേഭാരത് വിമാനങ്ങളും 68 ചാർട്ടേർഡ് വിമാനങ്ങളുമാണ് നാട്ടിലേയ്ക്ക് പോയത്. മെയ് എട്ട് മുതൽക്കാണ് വന്ദേഭാരത് വിമാനങ്ങൾ സർവീസുകൾ ആരംഭിച്ചത്. ബഹ്റൈനിൽ ആകെ 5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നതാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതനുസരിച്ചാണെങ്കിൽ ആകെ ഇന്ത്യക്കാരുടെ ഇടയിൽ നിന്ന് അഞ്ച് ശതമാനത്തോളം പേർ മാത്രമാണ് നാട്ടിലേയ്ക്ക് എത്തിയിരിക്കുന്നത്. നിലവിൽ മിക്ക ദിവസങ്ങളിലും ഒരു വന്ദേഭാരത് വിമാനമാണ് ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്ക് പോകുന്നത്. ചാർട്ടേർഡ് വിമനങ്ങൾ ഇപ്പോൾ നാട്ടിലേയ്ക്ക് പോകുന്നത് ഏറെ കുറഞ്ഞിട്ടുണ്ട്. എയർ ബബിൾ കരാർ നിലവിൽ വരുന്നതും കാത്ത് ഏഴായിരത്തോളം പേരാണ് നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് യാത്ര ചെയ്യാൻ തയ്യാറായി നിൽക്കുന്നത്.