അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി

ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. രണ്ട് വ്യാജ ചെക്കുകളിൽനിന്നായി ആറ് ലക്ഷം രൂപ നഷ്ടമായെന്ന് പോലീസ് പറയുന്നു. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമായി രണ്ട് തവണയായിട്ടാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ലക്നോവിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് ഇടപാടുകൾ നടന്നത്. മൂന്നാം തവണയും വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെയാണ് തട്ടിപ്പ് പുറത്തായത്.
ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ പരാതിയില്‍ അയോധ്യ പോലീസ് കേസെടുത്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സെപ്റ്റംബർ ഒൻപതിന് ബാങ്ക് ബറോഡയിൽ 9.86 ലക്ഷം രൂപയുടെ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ തട്ടിപ്പുകാർ ശ്രമം നടത്തി. ഈ സമയം ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയെ സ്ഥിരീകരണത്തിനായി ബാങ്ക് അധികൃതർ വിളിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. ഉടൻ തന്നെ റായി പോലീസിൽ പരാതി നൽകി. ബാങ്കിൽ സമർപ്പിച്ച വ്യാജ ചെക്കുകളിൽ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്‍റെയും വ്യാജ ഒപ്പുകൾ ഇട്ടിരുന്നു. സെപ്റ്റംബർ ഒന്ന്, മൂന്ന് തീയതികളിലാണ് മുമ്പ് പണം പിൻവലിച്ചിരുന്നത്. പിൻവലിച്ച തുക പിഎൻബി അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
രാമക്ഷേത്ര നിർമാണത്തിനായി ബിജെപി ശേഖരിച്ച 1400 കോടി രൂപ കാണാനില്ലെന്ന് അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തില്‍ ആദ്യം പങ്കെടുത്ത നേതാക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1400 കോടി രൂപ ബിജെപി വിഴുങ്ങിയെന്നും ക്ഷേത്രനിർമാണത്തിന്‍റെ ക്രെഡിറ്റ് മോദി ഏറ്റെടുത്തെന്നുമായിരുന്നു നേതാക്കള്‍ ആരോപിച്ചത്. അയോധ്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.