രാഷ്ട്രീയക്കാർക്കെതിരായി നിലവിൽ 4,500 ക്രിമിനൽ കേസുകൾ

ന്യൂഡൽഹി: രാജ്യത്താകെ മുൻ സാമാജികർക്കും നിലവിലുള്ളവർക്കും എതിരെ 4,500 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതികളിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് പരമോന്നത കോടതി പറഞ്ഞു. നിയമസഭാ സാമാജികരുടെ സ്വാധീനം മൂലം നിരവധി കേസുകൾ പ്രാരംഭ ഘട്ടത്തിലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി.
മുൻ എംഎൽഎ, എംപിമാർക്കും നിലവിലെ അംഗങ്ങൾക്കും എതിരായ 4,442 കേസുകളിൽ 174 കേസുകൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 352 കേസുകളിലെ വിചാരണ, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്തിട്ടുണ്ട്- മൂന്നംഗ ബെഞ്ച് പറഞ്ഞു. ജസ്റ്റീസുമാരായ എൻ.വി രമണ, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ആവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. നിലവിൽ ആറ് വർഷത്തേക്കാണ് വിലക്കുള്ളത്.
ഹർജി പരിഗണിച്ച കോടതി മുൻ എംപിമാർ, എംഎൽഎമാർക്കും നിലവിലെ അംഗങ്ങൾക്കും എതിരായ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ രാജ്യത്തെ 24 ഹൈക്കോടതികളിൽ തേടിയിരുന്നു. തീർപ്പുകൽപ്പിക്കാത്ത അഴിമതി കേസുകൾ, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ, കസ്റ്റംസ് നിയമപ്രകാരമുള്ള കേസുകൾ എന്നിവയുടെ വിവരങ്ങളും ഹൈക്കോടതികളിൽ നിന്ന് സുപ്രീം കോടതി തേടിയിട്ടുണ്ട്.