സ്വർണക്കടത്ത്: കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കുമെന്നു യുഎഇ സ്ഥാനപതി


ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ കസ്റ്റംസുമായി സഹകരിക്കുമെന്നു യുഎഇ സ്ഥാനപതി. സംഭവത്തിൽ കാര്യാലയത്തിലെ ആർക്കും പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും സമഗ്ര അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ 15 കോടി രൂപയിലധികം വിലവരുന്ന 35 കിലോ സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷാണു മുഖ്യ ആസൂത്രകയെന്നാണു കരുതുന്നത്. ഇവർ സംസ്ഥാന സർക്കാരിന്‍റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പിൽനിന്നു പിരിച്ചുവിട്ടു. നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്നയെ ചില ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിരിച്ചു വിട്ടിരുന്നു. തൊട്ടുപിന്നാലെ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിന്‍റെ മാർക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായി അവർ നിയമിതയായി. ഇതിനു കാരണക്കാരനായതും ഐടി സെക്രട്ടറിയാണെന്നു പറയുന്നു. സ്വപ്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തു വന്നു.

കഴിഞ്ഞ മാസം 30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണു സ്വർണം കണ്ടെത്തിയത്. അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്പോൾ തന്നെ സ്വപ്നയും സരിതും ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന നേരത്തേ താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി എം.ശിവശങ്കർ നിരന്തരം വന്നിരുന്നതായി അവിടത്തെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോണ്‍സുലേറ്റിൽ ജോലി ചെയ്യുന്പാഴാണു സ്വപ്ന ഫ്ളാറ്റിൽ താമസിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed