കോവിഡ്; മൂന്നിൽ രണ്ടു തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതായി പഠനം
ന്യൂഡൽഹി: കോവിഡും നീണ്ട ലോക്ക്ഡൗണും മൂലം ഇന്ത്യയിൽ മൂന്നിൽ രണ്ട് (67%) തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായും അനേകർ പട്ടിണിയിലായെന്നും പഠന റിപ്പോർട്ട്. ബിഹാർ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡൽഹി, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചാണു സർവേ നടത്തിയത്. രാജ്യത്തെ പത്തു സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു ഇത്. നഗരപ്രദേശങ്ങളിലെ 80 ശതമാനം പേർക്കും ഗ്രാമീണ മേഖലയിലെ 57 ശതമാനം പേർക്കും തൊഴിൽ നഷ്ടപ്പെട്ടുവെന്നും സർവേ കണ്ടെത്തി. സന്പദ് വ്യസ്ഥയിലെയും തൊഴിൽ മേഖലയിലെയും തകർച്ച മാർച്ച് 24 മുതലുള്ള ലോക്ക്ഡൗണ്‍ കാലത്ത് അതീവഗുരുതരമായെന്നു ബംഗളുരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനസർവേ വിലയിരുത്തി. തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ എന്നിവരടക്കം കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം നശിച്ചു. മിക്കവർക്കും തൊഴിൽ നഷ്ടമാകുകയും വരുമാനം തീർത്തും കുറയുകയോ, ഇല്ലാതാവുകയോ ചെയ്തു. പകുതിയിലേറെ തൊഴിലാളികൾക്കു സർക്കാരിന്‍റെ സാന്പത്തിക സഹായവും കിട്ടിയിട്ടില്ല. കൂടിയ അളവിലുള്ള സൗജന്യ റേഷനും എല്ലാവരിലുമെത്തിയില്ല.<br> <br> ഇപ്പോഴത്തെ തകർച്ചയിൽ നിന്നു കരകയറാൻ ഏറെ വർഷങ്ങൾ എടുത്തേക്കും. പഴയ നിലയിലേക്കെങ്കിലും തിരിച്ചെത്തുകയെന്നതു വേദനാജനകവും മന്ദഗിതിയിലുമാകും. അടിയന്തര ദുരിതാശ്വാസ നടപടികൾ അതിന്‍റെ തീവ്രതയ്ക്ക് ആനുപാതികമായി ഉണ്ടായിട്ടില്ല. പാവങ്ങളുടെയും തൊഴിലാളികളുടെയും സ്ഥിതി അതീവ ദനനീയമായി തുടരുകയാണ്. തൊഴിലും ഉപജീവനമാർഗവും സർക്കാരിന്‍റെ സാന്പത്തിക സഹായവും ഇല്ലാത്തവരാണു ഏറെയും- മലയാളിയായ റോസ ഏബ്രഹാം കള്ളിവയലിൽ, രാഹുൽ ലഹോട്ടി, അമിത് ബസോലെ, സുരഭി കേസർ, പാരിതോഷ് നാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവേ വിശദീകരിച്ചു.
കാർഷിക, കാർഷികേതര, കുടിയേറ്റ തൊഴിലാളികൾക്കു പുറമെ കർഷകർ, സ്വയംതൊഴിൽ ചെയ്തിരുന്നവർ, ശന്പളത്തോടെ ജോലി ചെയ്തിരുന്നവർ തുടങ്ങിയവരെല്ലാം യാതനയിലാണ്. മൂന്നിൽ രണ്ടു പേർക്കു തൊഴിൽ നഷ്ടമായെങ്കിൽ ശേഷിച്ചവരിൽ ഭൂരിപക്ഷത്തിനു ശന്പളം അടക്കമുള്ള വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ഇപ്പോഴും ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളുടെ പ്രതിവാര ശരാശരി വരുമാനം പകുതിയായി കുറഞ്ഞു. ഫെബ്രുവരിയിൽ 940 രൂപ കിട്ടിയിരുന്ന ഇത്തരം തൊഴിലാളികൾക്കു ലോക്ക്ഡൗണ്‍ സമയത്ത് 495 രൂപയാണ് ശരാശരി കിട്ടിയത്.
കുടിയേറ്റ, കർഷക, നിർമാണ, അസംഘടിതർ അടക്കമുള്ള തൊഴിലാളികൾക്കു നേരിട്ടു പ്രതിമാസം 3,500 രൂപയെങ്കിലും അടിയന്തര സാന്പത്തിക സഹായം നൽകുക, റേഷൻ വിതരണം ഫലപ്രദമാക്കുക, ഇപ്പോഴുള്ള മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിപുലപ്പെടുത്തുക എന്നിവയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നാണു പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തിയതെന്നു സംഘാംഗമായ റോസ ഏബ്രഹാം പറഞ്ഞു.
കഷ്ടതയിലുള്ളവർക്കു നേരിട്ടു പണം എത്തിക്കുകയെന്നത് അടിയന്തരമായി ചെയ്യേണ്ടതുണ്ട്. നഗരമേഖകളിലെ 41 ശതമാനം തൊഴിലാളികളും 100 രൂപ മുതൽ 5,000 രൂപ വരെ കടം മേടിച്ചാണു ദിവസച്ചെലവുകൾ പോലും നടത്തുന്നത്. ഗ്രാമങ്ങളിലും 33 ശതമാനം പേർ ഈ ഗണത്തിലുണ്ട്. ഇതിൽ 10 ശതമാനം മാത്രമാണ് നേരായ മാർഗത്തിലൂടെ കടമെടുത്തവർ. ശേഷിച്ചവർ കൊള്ളപലിശ മുതൽ കുടുംബാംഗളും സുഹൃത്തുക്കളും വരെയുള്ളവരിൽ നിന്ന് ഇരന്നു വരെ കടമെടുത്തവരാണ്. പത്തിൽ എട്ടു പേർക്കും മാസവാടക കൊടുക്കാൻ പണമില്ലെന്നും പഠനറിപ്പോർട്ടിലുണ്ട്.

