മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 714 പോലീസുദ്യോഗസ്ഥർക്ക്
മുംബൈ: മഹാരാഷ്ട്രയിൽ 714 പോലീസുദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 648 പേരാണ് ചികിത്സയിലുള്ളത്. 61 പേർ രോഗമുക്തരായി. സംസ്ഥാനത്ത് അഞ്ചു പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടർന്ന് മരിച്ചത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് കൊവിഡ് വ്യാപനം തുടരുകയാണ്. വെള്ളിയാഴ്ച 1089 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000 കടന്നു. മരണസംഖ്യ 700 കടന്നു. മുംബൈയിൽ മാത്രം 748 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു; മഹാനഗരത്തിലെ കൊവിഡ് ബാധിതർ 11967 ആയി. 25 പേർ കൂടി മരിച്ചു; മരണസംഖ്യ 462 ആയി ഉയർന്നു. ആശങ്കയുയർത്തുന്ന ധാരാവിയിൽ വെള്ളിയാഴ്ച അഞ്ചുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി.

