കൊവിഡ് രോഗികളെ ഡിസ്‍ചാർ‍ജ് ചെയ്യാൻ കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദ്ദേശം


ന്യൂഡൽഹി: കൊവിഡ് രോഗികളെ ഡിസ്‍ചാർജ് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി. ഗുരുതര അവസ്ഥയിലുള്ള രോഗികൾക്ക് മാത്രമേ ഇനി ഡിസ്‍ചാർജിന് കൊവിഡ് നെഗറ്റിവ്  സർട്ടിഫിക്കറ്റുവരെ കാക്കേണ്ടതുള്ളൂ. മൂന്നു ദിവസം പനിയില്ലാത്ത ഏത് കൊവിഡ് രോഗിയെയും ഇനി കൊവിഡ് നെഗറ്റിവ് ആകും വരെ കാക്കാതെ ഡിസ്ചാർജ് ചെയ്യാം. 

രോഗികളുടെ ആരോഗ്യനിലയും, രോഗതീവ്രതയും അടിസ്ഥാനമാക്കിയുള്ള മാർഗനിർദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രോഗം മൂർ‍ച്ഛിച്ചവർ, തീവ്രത കുറഞ്ഞവർ‍, നേരിയ രോഗലക്ഷണങ്ങളുള്ളവർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഡിസ്‍ചാർജ് നിർദ്ദേശം. ഗുരുതരാവസ്ഥയിലായി രോഗം ഭേദമായവർക്കൊപ്പം, വൃക്ക രോഗികൾ‍, അവയവമാറ്റ ശസ്ത്രക്രിയയക്ക് വിധേയരാവർ എന്നിവരേയും ഉൾപ്പെടുത്തിയിരിക്കുന്നു. രോഗലക്ഷണങ്ങൾ മാറി പിസിആർ ടെസ്റ്റ് നെഗറ്റീവായതിന് ശേഷമേ ഇവർ‍ ആശുപത്രി വിടാൻ പാടുളളു. ഒരു തവണ പരിശോധന നടത്തിയാൽ മതിയാകും. 

രോഗം ബാധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ  രോഗമുക്തി നേടുകയും അടുത്ത നാലു ദിവസത്തേക്ക് ഓക്സിജൻ സാച്ചുറേഷൻ നില 95 ശതമാനമായി നിലനിർത്തുകയും ചെയ്യുന്നവരെയാണ് തീവ്രത കുറഞ്ഞ പട്ടികയിൽ ഉൾ‍പ്പെടുത്തിയിരിക്കുന്നത്. ഇവർക്കും പത്ത് ദിവസത്തിനുള്ളിൽ‍ ആശുപത്രി വിടാം. പരിശോധനയുടെ ആവശ്യമില്ല.

നേരിയ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചവരുടെ പൾസും, ശരീരോഷ്മാവും നിരന്തരം പരിശോധിക്കും. പത്ത് ദിവസത്തിന് ശേഷം ഇവർക്ക് ആശുപത്രി വിടാം. എന്നാൽ ഡിസ്‍ചാർജ്ജിന് മൂന്ന് ദിവസം മുന്‍പ് വരെ പനി  ഉണ്ടാകാൻ പാടില്ല. ആശുപത്രി വിട്ട് ഏഴ് ദിവസം വീട്ടിൽ സന്പർക്ക വിലക്കുണ്ട്.

രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി രോഗികളെ ആഴ്‍ചകളോളം  ആശുപത്രിയിൽ തന്നെ താമസിപ്പികേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവായി. ഡിസ്ചാർജ് ആകുന്ന രോഗികൾ വീട്ടിൽ സന്പർക്ക വിലക്കിൽ ഏഴു ദിവസം കഴിയണം. രോഗബാധ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പരിശോധന കിറ്റുകൾക്കും ആശുപത്രി സൗകര്യങ്ങൾക്കും ഉണ്ടാകാനിടയുള്ള പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed