പ്രണയത്തിന്റെ പുതു വഴി.... (കവിത)
നഖപ്പൊടികൾ മുതൽ
മുടിത്തരികൾ വരെ
മാന്യനായ ഒരു പുരുഷനെ
കണ്ടു കിട്ടിയാൽ
പ്രണയിച്ചു നോക്കണമെന്നുണ്ട്..
തീർച്ചയായും അയാൾക്ക്
പതിമൂന്നിനും നൂറ്റി പതിമൂന്നിനും
ഇടയിലായിരിയ്ക്കണം പ്രായം.
പന്ത്രണ്ട് വയസ്സ് വരെ
പെറ്റ പെണ്ണിന്റെ
പുന്നാരം കൊണ്ട
പൊന്നുണ്ണികളുടെ
മാന്യത കാണാൻ
പുതുമയില്ലാത്തതിനാലാനാണ്..
നൂറ്റി പതിമൂന്നിന് ശേഷം
ഒരു കിളവനും ജീവിച്ചിരിയ്ക്കാനും
പോകുന്നില്ലല്ലോ..
ഉറപ്പായും അയാളുടെ കണ്ണിൽ
കൗതുകം വേണം..
മീശയ്ക്കും ചുണ്ടിനും താഴെ
നല്ലതും ചീത്തയും
പറയാനറിയുന്ന നാവും..
മിഴിയിൽ പ്രണയമില്ലാത്തവന്റെ
മാന്യത ഷണ്ധത്വമാണെന്ന−
റിയാവുന്നതു കൊണ്ടാണ്..
ഭാഷയറിഞ്ഞിട്ടും
ഭവ്യത തിരഞ്ഞെടുക്കുമോയെന്നും
നോക്കണമല്ലോ..
എന്തു തന്നെയായാലും
അയാളൊരു കവിയും
കഥ കേൾക്കുന്നവനും
ആയിരിയ്ക്കണം..
കവിതയെഴുതാനറിഞ്ഞിട്ടും
കരളു കൈമോശം
വന്നിട്ടില്ലെന്ന്
കയ്യടിയ്ക്കാനാണ്..
കാതുകൾ
കേൾവികളില്ലാതെ
കളഞ്ഞും
പോകരുതല്ലോ..
ഇങ്ങനെയൊക്കെ
ആണെങ്കിലും
ആർദ്രത
അയാളുടെ നെറ്റിത്തടങ്ങളിൽ
പ്രാർത്ഥന പൂക്കളായി
ചുവക്കണം..
എന്നെ പോലൊരു
സുന്ദരിയുടെ മുന്നിൽ
മുട്ടിടിയ്ക്കാതെ
മുഖം തിരിച്ച്
നടക്കണം..
പേര് വിളിച്ച്
ഞാൻ പുഞ്ചിരിച്ചാൽ
പതറിപ്പോകാതെ
നടന്നടുക്കുകയും
വേണം..
ഈശ്വരൻ ഞങ്ങളുടെ
നടുക്ക് നിൽക്കുന്നുവെന്ന
ബോധം കുളിർപ്പിച്ച
ശാന്തത മുറ്റുന്ന
പരിചയം കാട്ടണം..
കണ്ടു കിട്ടിയാൽ
കേറി പ്രണയിക്കുന്നതിനു
മുൻപ്
ഞാനൊരു
കവിത കൂടി
എഴുതുന്നതാണ്..
തിരഞ്ഞു മടുത്ത
തീരാ പിടച്ചിലാണ്..

