ഹൈദരാബാദിൽ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പോലീസ് വെടിവച്ചുകൊന്നു
ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. ഇന്നലെ രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്‍റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നൽകുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുന്പോഴാണു സംഭവം. ഷംഷാബാദിലെ ടോൾ പ്ലാസയിൽനിന്ന് 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താൻ ഇവർ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്‍റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്‍റെ ഇളയ സഹോദരിയെ വിളിച്ചു. തന്‍റെ സ്കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാൻ നിർദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോൾ ഓഫായിരുന്നു. ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്ടറുടെ സ്കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. സംഭവത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികൾ പിന്നീട് പോലീസ് കസ്റ്റഡിയിലായിരുന്നു.
വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീ കൊളുത്തി കൊന്ന പ്രതികള്‍ വെടിയേറ്റു വീണത് ഹൈബരാബാദ് മെട്രോപൊലീറ്റന്‍ പോലീസ് കമ്മിഷണറായവി.സി സജ്ജനാറിന്റെ അധികാരപരിധിയിലാണ്. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പോലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചു. അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു.
ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു.

