മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണ


ന്യുഡല്‍ഹി: രാഷ്ട്രീയ അനിശ്ചിത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണ. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് അനുവദിച്ച സമയപരിധി അവസാനിച്ച ശേഷമായിരിക്കും രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുക. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി യാത്ര വൈകിപ്പിച്ചാണ് മന്ത്രിസഭാ യോഗം വിളിച്ചത്. പല മന്ത്രിമാരും ഡല്‍ഹിക്ക് പുറത്തായിരുന്നു. എങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
എന്‍.സി.പി നേതാവ് ശരത് പവാര്‍ ചില ബി.ജെ.പി നേതാക്കളെ പിന്തുണ തേടി വിളിച്ചതായി കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് അടിയന്തരമായി തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. മന്ത്രിസഭ രൂപീകരിക്കുന്നതിന് ബി.ജെ.പിക്കും ശിവസേനയ്ക്കും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയിരുന്ന സമയപരിധി അവസാനിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് അനുവദിച്ച സമയപരിധി ഇന്നു രാത്രി 8.30ന് അവസാനിക്കും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ നേരത്തെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

അതേസമയം, എന്‍.സി.പിയെ പിന്തുണയ്ക്കു സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുകയാണ്. മൂന്നു മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാണമെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇതിനോട് വിയോജിപ്പുണ്ട്. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുപറയുന്നതിനിടെയാണ് രാഷ്ട്രപതി ഭരണത്തിന് ധാരണയാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed