അയോധ്യ വിധി എന്തു തന്നെയായാലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി∙ അയോധ്യ കേസിൽ വിധി എന്തു തന്നെയായാലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അയോധ്യയിൽ സുപ്രീം കോടതി ഇന്ന് രാവിലെ 10.30 ന് വിധി പറയും. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സമയത്ത് സമാധാനം കാത്തുസൂക്ഷിക്കാനുള്ള പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. അയോധ്യ വിധിക്കു ശേഷം എല്ലാവരും രാജ്യത്തിന്റെ പാരമ്പര്യത്തിനു ശക്തിപകരുന്ന തരത്തിൽ സമാധാനവും ഐക്യവും നിലനിർത്തണം. വിധി ആരുടെയും ജയമോ പരാജയമോ അല്ല. വിധി എന്തുതന്നെയായാലും എല്ലാവരും സൗഹാർദം കാത്തു സൂക്ഷിക്കണം– മോദി ട്വീറ്റ് ചെയ്തു.