അയോധ്യ വിധി; രാജ്യത്ത് കര്‍ശന സുരക്ഷ, കേരളത്തിലും അതീവ ജാഗ്രത കാസര്‍ഗോഡ് നിരോധനാജ്ഞ,


ന്യൂഡല്‍ഹി: അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ്, കാസര്‍കോഡ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഗവര്‍ണറെക്കണ്ടു സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡി.ജി.പി എസ്.പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തി.
വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷന്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിക്കുന്നത്. ഇവരുടെ സരുക്ഷയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
അയോധ്യ തര്‍ക്കഭൂമിയിലും സുരക്ഷ ശക്തമാക്കി. 5000 സിആര്‍പിഎഫ് ജവാന്മാരാണ് തര്‍ക്കഭൂമിയില്‍ മാത്രം നിലയുറപ്പിച്ചിരിക്കുന്നത്. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് താമസിക്കുന്നതിനായി 200 ഓളം സ്‌കൂളുകളാണ് ഒഴിപ്പിച്ചിരിക്കുന്നത്. അയോധ്യയിലും സമീപജില്ലയിലുമായി 20 താത്കാലിക ജയിലും തുറന്നിട്ടുണ്ട്. ഇതിനായി 18 കോളജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കിമാറ്റിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed