എ.ടി.എം ഇടപാടുകൾ കൂടുതൽ സുതാര്യമാക്കി ആർ.ബി.ഐ
ന്യൂഡൽഹി: രാജ്യത്ത് എ.ടി.എം കാർഡുപയോഗിച്ചുള്ള പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കി റിസർവ് ബാങ്ക്. സാങ്കേതിക തകരാറുകൾ മൂലം നേരിടുന്ന തടസങ്ങൾ പണമിടപാടുകളുടെ എണ്ണത്തിൽ പെടുത്തില്ലെന്നാണ് ആർ.ബി.ഐയുടെ പുതിയ അറിയിപ്പ്.എ.ടി.എം വഴി പണമെടുക്കാൻ ശ്രമിക്കുമ്പോൾ ടെക്നിക്കൽ എറർ എന്ന് കാണിക്കുന്നതുൾപ്പെടെയുള്ള ധനേതര സേവനങ്ങൾ പണമിടപാടിന്‍റെ എണ്ണത്തിൽ ഇനി മുതൽ പെടുത്തില്ല. പണമെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കറൻസി നോട്ടുകൾ ലഭിക്കാതിരിക്കുക, പിൻ നമ്പർ തെറ്റി പോവുക തുടങ്ങിയവയൊന്നും ഇനി പണമിടപായി കണക്കാക്കില്ലെന്നും ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾക്കൊന്നും ചാർജ് ഈടാക്കുകയുമില്ല. എ.ടി.എം ഉപയോഗിച്ച് അതതു ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നടത്തുന്ന ബാലൻസ് അന്വേഷണം, ചെക്ക്ബുക്ക് റിക്വസ്റ്റ്, നികുതി അടവുകൾ, പണം കൈമാറ്റം തുടങ്ങിയവയും പണമിടപാടിന്‍റെ പരിധിയിൽ വരില്ല. ഇവയ്ക്കും ചാർജ് ഈടാക്കില്ല.

