ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല. മെഡിക്കല്‍ കമ്മീഷൻ ബില്‍ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്‍റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയിൽ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.

