തൃശൂരിൽ വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു; അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് ആരോപണം
തൃശൂർ: ചാവക്കാട് പുന്നയിൽ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഒന്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാൽ ആരോപണം എസ്.ഡി.പി.ഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.

