സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് അസംഖാൻ


ന്യൂഡൽഹി: സ്പീക്കർ പാനലംഗമായ രമാദേവിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ മാപ്പു പറഞ്ഞ് സമാജ്‍വാദി പാർട്ടി എംപി അസംഖാൻ. പറഞ്ഞതില്‍ എന്തെങ്കിലും അൺപാർലമെന്ററി ആയിട്ടുണ്ടെങ്കില്‍ പാർലമെന്റിൽനിന്നു രാജി പ്രഖ്യാപിക്കാന്‍ തയാറാണ്. ദീർഘമായ രാഷ്ട്രീയ പാരമ്പര്യമുള്ളതിനാല്‍ മോശമായി സംസാരിക്കാൻ സാധിക്കില്ലെന്നും അസം ഖാൻ പറഞ്ഞു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അസം ഖാൻ പാർലമെന്റിൽ ബോധിപ്പിച്ചു.
അതേസമയം അസം ഖാന്റെ വാക്കുകൾ‌ ഇന്ത്യയിലെ പുരുഷൻമാരെയും സ്ത്രീകളെയുമെല്ലാം വേദനിപ്പിക്കുന്നതാണെന്ന് ബിജെപി എംപി രമാദേവി തിരിച്ചടിച്ചു. അദ്ദേഹത്തിന് ഇതു മനസ്സിലാകില്ല. ഇത്തരം വാക്കുകള്‍ കേൾക്കുന്നതിനല്ല ഞാൻ ഇവിടെയെത്തിയിരിക്കുന്നത്– രമാദേവി വ്യക്തമാക്കി. എല്ലാവരുടെയും പിന്തുണയോടെയാണു സഭ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല അഭിപ്രായപ്പെട്ടു.
സഭയുടെ അന്തസ്സിനു നിരക്കാത്ത ഭാഷ ആരും ഉപയോഗിക്കരുതെന്നും സ്പീക്കർ മുന്നറിയിപ്പു നൽകി. അസംഖാന് സംസാരിക്കാനുള്ളതു മാത്രമല്ല, ഉന്നാവിലെ പെണ്‍കുട്ടിയുടെ വിഷയം കൂടി ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ അസം ഖാന്‍ മാപ്പു പറയണമെന്ന് സർവകക്ഷിയോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ നടപടികള്‍ തുടങ്ങുന്നതിനു മുൻപ് അഖിലേഷ് യാദവും അസം ഖാനും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിൽ രമാദേവിയും പങ്കെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed