അവിശ്വാസ പ്രമേയത്തിനു കാത്തുനിൽക്കാതെ കർണാടക സ്പീക്കർ രാജിവച്ചു
ബംഗളുരു: ബി.എസ്. യെദിയൂരപ്പ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ കർണാടക സ്പീക്കർ കെ.ആർ രമേശ്കുമാർ രാജിവച്ചു. സ്പീക്കർ രാജിവച്ചില്ലെങ്കിലും അദ്ദേഹത്തിനെതിരേ സർക്കാർ രൂപീകരിച്ചശേഷം ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. മുതിർന്ന നേതാക്കൾക്ക് നന്ദി പറഞ്ഞ് സ്പീക്കർ വിടവാങ്ങൽ പ്രസംഗം നടത്തി. സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി, ബി.എസ്. യെദിയൂരപ്പ എന്നിവരുടെ പേര് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ജനങ്ങളെ മനസിൽകണ്ട് ഭരണഘടന അനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ സഭ വൈകിട്ട് അഞ്ചുവരെ പിരിഞ്ഞു. വിമത എം.എൽ.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യനാക്കിയിരുന്നു. ഇവർക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. സ്പീക്കറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അയോഗ്യനാക്കപ്പെട്ട ജെ.ഡി.എസ് എം.എൽ.എ എ.എച്ച്. വിശ്വനാഥ് പറഞ്ഞു.വിമതർ വിശ്വാസവോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതോടെയാണ് കുമാരസ്വാമി സർക്കാർ വീണത്. 17 വിമതർ ഉൾപ്പെടെ 20 എംഎൽഎമാർ വിട്ടുനിന്നതോടെ 99-ന് എതിരേ 105 വോട്ടുകൾക്ക് വിശ്വാസപ്രമേയം പരാജയപ്പെട്ടു. തുടർന്നാണു യെദിയൂരപ്പ മുഖ്യമന്ത്രിയായത്.

