ആള്‍ക്കൂട്ടക്കൊലകള്‍ തടയുന്നില്ല; കേന്ദ്രത്തിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച 11 മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പത്ത് സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ്. 2018ലെ കോടതി നിര്‍ദേശം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഡല്‍ഹിയിലെ ഒരു സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതില്‍ എന്തു നടപടി സ്വീകരിച്ചൂവെന്ന് വിശദീകരിക്കണം.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേന്ദ്രസര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജ്‌സ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുമാണ് നോട്ടീസ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 49 പ്രശസ്തര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് കലാ സാംസ്‌കാരിക രംഗത്തെ 62 പേരും ഇന്ന് കത്ത് അയച്ചിരുന്നു.

