ഷീലാ ദീക്ഷിതിന്റെ മൃതദേഹം യമുനാ തീരത്ത് സംസ്‌കരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്‌കരിച്ചു. യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് ആണ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയോടെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.
ഇന്നലെ വൈകീട്ട് അന്തരിച്ച ഷീല ദീക്ഷിതിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 11.30 നാണ് തുടങ്ങിയത്. ഹസ്‌റത്ത് നിസാമുദ്ദീനിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. ഐഎഐസി ആസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പൊതുദര്‍ശനത്തിന് വെച്ചു.
അധികം വൈകാതെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡേ. മന്‍മോഹന്‍ സിങ് തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കേരളസര്‍ക്കാരിന് വേണ്ടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പുഷ്പചക്രം അര്‍പ്പിച്ചു.

