വിശാല പ്രതിപക്ഷ സഖ്യത്തിന്റെ യോഗം ഇന്ന്
ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ നിര്‍ണായക യോഗം ഇന്ന്. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ യോഗം. തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വിളിച്ചിരിക്കുന്ന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരും പങ്കെടുക്കും.
വിശാല പ്രതിപക്ഷ ഐക്യത്തോട് അനുകൂലമാണെങ്കിലും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് എതിർപ്പുണ്ട്. യോഗം സുപ്രധാനമാണെന്നും പങ്കെടുക്കുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ലക്നൗവിൽ അറിയിച്ചു. അതേസമയം ബിഎസ്പി അധ്യക്ഷ മായാവതി ഇതുവരെ നിലപാടറിയിച്ചിട്ടില്ല.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി അധ്യക്ഷൻ ശരജ് പവാര്‍, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവര്‍ ഇന്നത്തെ യോഗത്തിനെത്തുമെന്നാണ് സൂചന.
