കഠ്‍വ പീഡനക്കേസ് പ്രതികളെ അനുകൂലിച്ച മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം


ശ്രീനഗർ : കഠ്‍വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച ബിജെപി മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആവശ്യവുമായി രംഗത്തെത്തി. മന്ത്രിസ്ഥാനം ഒഴിഞ്ഞതുകൊണ്ടായില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോടു പ്രതികരിച്ചിട്ടില്ല. മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ലാൽ സിങ്ങിന്റെയും രാജിക്കത്ത് ബിജെപി, ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.

ടൂറിസം മന്ത്രി തസ്ദാഖ് മുഫ്തിയുടെ പരാമർശത്തെക്കുറിച്ചു മുഖ്യമന്ത്രി മെഹ്ബൂബ നിലപാട് അറിയിക്കണമെന്നു സിപിഎം നേതാവ് എം.വൈ. താരിഗമി ആവശ്യപ്പെട്ടു. ഒരു തലമുറ മുഴുവൻ രക്തം കൊണ്ടു മറുപടി പറയേണ്ട കുറ്റകൃത്യത്തിലെ പങ്കാളികളായി പിഡിപിയും ബിജെപിയും മാറിയെന്നായിരുന്നു തസ്ദാഖ് മുഫ്തിയുടെ പരാമർശം. ജനങ്ങളോടു മാപ്പു പറയുന്നതിൽനിന്നു പിഡിപിയെ പിൻവലിക്കുന്നതെന്താണെന്നുള്ള ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു ടൂറിസം മന്ത്രി ഇങ്ങനെ പറഞ്ഞത്.

അമിതമായ സൈനിക ഉപയോഗത്തിലൂടെ കശ്മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണെന്ന് സിപിഎം നേതാവ് താരിഗമി വ്യക്തമാക്കി. കശ്മീരിലെങ്ങും ഭരണനിർവഹണത്തെക്കാൾ സൈന്യത്തെയാണു കൂടുതലായും കാണുന്നത്. ‘സഖ്യകക്ഷിയുടെ അജൻഡ’ എന്താണെന്നു സംസ്ഥാനത്തിനു മുഴുവൻ അറിയാം. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ കൂമ്പാരം മാത്രമാണിത്. ജനങ്ങളുടെ ആഗ്രഹത്തിന് എതിരാണ് ഈ സർക്കാരെന്നും താരിഗമി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed