കേന്ദ്രസർക്കാർ പണം അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കാനാകാതെ ഐഐടി
പാലക്കാട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ക്ക് സ്ഥിരം ക്യാംപസ് നിർമിക്കാൻ കേന്ദ്ര സർക്കാർ 1,315 കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതിക്ക് സ്ഥലം കണ്ടെത്താനായിട്ടില്ല. പുതുശ്ശേരി വെസ്റ്റ് വില്ലേജ് പരിധിയിൽ കണ്ടെത്തിയ 504 ഏക്കർ സ്ഥലത്തിൽ 396 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയാക്കി അഞ്ചു മാസം കഴിഞ്ഞെങ്കിലും സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിട്ടില്ല.
ക്യാംപസ് നിർമാണത്തിന് 3,842 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആദ്യ ഗഡുവായി കഴിഞ്ഞ വർഷം 1,315 കോടി രൂപ അനുവദിച്ചു. രണ്ടു വർഷത്തിനുള്ളിൽ ചെലവഴിച്ചില്ലെങ്കിൽ തുക നഷ്ടപ്പെടും. സ്ഥലം പൂർണമായി ലഭിച്ചാലേ ഏറ്റെടുക്കൂ എന്നായിരുന്നു ആദ്യഘട്ടത്തിൽ ഐഐടിയുടെ നിലപാടെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിൽ ഏറ്റെടുത്ത സ്ഥലമെങ്കിലും കൈമാറണമെന്നാണ് ആവശ്യം.
സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാൻ ബാക്കിയുള്ള 43ഏക്കറിന്റെ നടപടികൾ പുരോഗമിക്കുന്നേയുള്ളൂ. വനഭൂമിയിൽനിന്ന് ഏറ്റെടുക്കുന്ന 44.5 ഏക്കറിനു പകരം ഇരട്ടി സ്ഥലം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. ഐഐടിക്കായി സ്ഥലമെടുപ്പു നടപടികൾ ആരംഭിച്ചത് 2015ലാണ്. ഒരു വർഷത്തിനുള്ളിൽ സ്ഥലം ഐഐടിക്കു കൈമാറുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപടികൾ നീണ്ടതോടെ ക്യാംപസിനു തറക്കല്ലിടാനുള്ള നീക്കങ്ങൾ വരെ മാറ്റിവച്ചു. മേനോൻപാറയിൽ അഹല്യാ കോളജിന്റെ ക്യാംപസിൽ മൂന്നു വർഷം മുൻപാണ് ഐഐടി പ്രവർത്തനം തുടങ്ങിയത്.

