നീരവ് മോദിയെ അറസ്റ്റു ചെയ്യാനുള്ള തീരുമാനം ഹോങ്കോങിന്


ബെയ്ജിങ്∙ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയായ നീരവ് മോദിയെ അറസ്റ്റു ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യർഥനയിൽ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിൽ ഹോങ്കോങ്ങിനു വിഷയത്തിൽ നിലപാടെടുക്കാം. ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജ്യന (എച്ച്കെഎസ്എആർ) മറ്റു രാഷ്ട്രങ്ങളുമായി ഇക്കാര്യത്തിൽ സഹകരിക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് വ്യക്തമാക്കി. എച്ച്കെഎസ്എആറിന് ഇന്ത്യയുടെ അഭ്യർഥന ലഭിച്ചിട്ടുണ്ടെങ്കിൽ നിയമങ്ങൾ അനുസരിച്ച് അവർക്കു നടപടികൾ എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലെ ഭരണ സംവിധാനമാണു ഹോങ്കോങ് സ്പെഷൽ അഡ്മിനിസ്ട്രേറ്റിവ് റീജ്യൻ. നീരവ് മോദിയുടെ അറസ്റ്റിനു വേണ്ടി ഹോങ്കോങ് സർക്കാരിന്റെ സഹായം തേടുമെന്നു കേന്ദ്രമന്ത്രി വി.കെ. സിങ് പാർലമെന്റിൽ പറഞ്ഞിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിലെ 12,700 കോടിയുടെ തട്ടിപ്പിനെത്തുടർന്ന് ഇന്ത്യ വിട്ട നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നാണു വിവരം. 

ഹോങ്കോങ്ങിലും ചൈനയിലും നീരവ് മോദിക്കു വ്യാപാര സ്ഥാപനങ്ങളുണ്ട്. നീരവ് മോദിക്കും അമ്മാവൻ മെഹുൽ സി. ചോക്സിക്കുമെതിരെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഏജൻസി കോടതിയിൽ ബോധിപ്പിച്ച സാഹചര്യത്തിലാണു നടപടി. ഇതോടെ, ഇരുവരെയും പിടികൂടുന്നതിന് ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനും വഴിയൊരുങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed