കേ­ന്ദ്രത്തി­നെ­തി­രെ­ അണി­യറനീ­ക്കവു­മാ­യി­ ചന്ദ്രബാ­ബു­ നാ­യി­ഡു­


ന്യൂഡൽഹി : കേന്ദ്രവിരുദ്ധനീക്കം ഊർജിതമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കേന്ദ്രസർക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസിന് പിന്തുണതേടി അദ്ദേഹം ബുധനാഴ്ച ആം ആദ്മി പാർട്ടി (എ.എ.പി.) നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. ടി.ഡി.പി.യുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാമെന്ന് കേജരിവാൾ ഉറപ്പുനൽകിയതായി ടി.ഡി.പി. എം.പി. സി.എം. രമേഷ് പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേകപദവി നൽകാത്തതിന്റെപേരിൽ എൻ.ഡി.എ. വിട്ടശേഷം ബി.ജെ.പി −വിരുദ്ധ പാർട്ടികളുമായി ചരടുവലി ശക്തമാക്കുകയാണ് നായിഡു. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ ക്യാന്പുചെയ്യുന്ന അദ്ദേഹം ചൊവ്വാഴ്ച മുന്നിര പ്രതിപക്ഷനേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

എ.എ.പി.ക്ക് ലോക്സഭയിൽ നാലും രാജ്യസഭയിൽ മൂന്നും അംഗങ്ങളുണ്ട്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലുമായി നായിഡു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. എന്നാൽ, അകാലിദൾ നേതാവും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗറുമായി അദ്ദേഹം ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. എൻ.ഡി.എ. സഖ്യത്തിലുള്ള അപ്ന ദൾ നേതാവ് അനുപ്രിയ പട്ടേലുമായും അദ്ദേഹം ചർച്ചനടത്തി.

കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി, എൻ.സി.പി പ്രസിഡണ്ട് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, എ.ഐ.എ.ഡി.എം.കെ. നേതാവ് വി. മൈത്രേയൻ, സമാജ്  വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് എന്നിവരെയും അദ്ദേഹം കണ്ടു.

അവിശ്വാസപ്രമേയത്തിലുള്ള രാഷ്ട്രീയനീക്കങ്ങൾക്കായി ഡൽഹിയിലെത്തിയ ചന്ദ്രബാബു നായിഡുവിനെ പാർലമെന്റിൽവെച്ച് കണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് മുഖംകൊടുത്തില്ല. നായിഡു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്റിൽ വെച്ച് മോദി തന്നെ കണ്ടെങ്കിലും അവഗണിച്ചതായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നായിഡു കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed