നീരവ് മോദിയുടെ വസതിയിൽ റെയ്ഡ് : കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകൾ കണ്ടെടുത്തു
മുംബൈ : വിവാദ വ്യവസായി നീരവ് മോദിയുെട ആഡംബര വസതിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകൾ കണ്ടെടുത്തു. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഇതിലുൾപ്പെടുന്നു.
വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലിൽ ആദായനികുതിവകുപ്പും സി.ബി.ഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വൻ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അന്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകൾ പരിശോധനയിൽ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം. നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകൾ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ജാമ്യച്ചീട്ടുകളിന്മേൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.

