കേ­­­ന്ദ്രം കേംബ്രിജ് അനലി­­­റ്റി­­­ക്കയോട് വി­­­ശദീ­­­കരണം തേ­­­ടി­­­


ന്യൂഡൽഹി : ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി മറ്റ് ആവശ്യത്തിന് ഉപയോഗിച്ചെന്ന് ആരോപണമുണ്ടായ സംഭവത്തിൽ കേംബ്രിജ് അനലിറ്റിക്കയിൽ നിന്നു കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഈമാസം 31നകം ഇത് സംബന്ധിച്ച വിശദീകരണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് നോട്ടിസിൽ ചോദിച്ചിട്ടുണ്ട്. വിവരസാങ്കേതിക വകുപ്പ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് കേംബ്രിജ് അനലിറ്റിക്കയ്ക്ക് നൽകിയത്. വിവരങ്ങൾ ചോർത്തിയത് എങ്ങനെ, ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളും നോട്ടിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്രക്കുറിപ്പിലൂടെയാണ് നോട്ടീസ് നൽകിയ കാര്യം കേന്ദ്രം അറിയിച്ചത്. ഉപയോക്താക്കളുടെ സമ്മതത്തോടെയാണോ വിവരങ്ങൾ ചോർത്തിയതെന്നും നോട്ടിസിൽ ചോദിക്കുന്നു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക കന്പനി അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും അതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിക്കാൻ ശ്രമിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി കൈമാറുകയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed