നടപടികളുണ്ടാകുംവരെ സമരം : ഹസാരെ
ന്യൂഡൽഹി : കഴിഞ്ഞ നാല് വർഷത്തിനിടെ സ്ഥിരതയുള്ള ലോക്പാൽ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി 43 കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും അണ്ണാഹസാരെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നിലപാടുകളോടുള്ള കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് രാജ്യത്തെ ഇളക്കിമറിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് ഏഴു വർഷങ്ങൾക്ക് ശേഷം അണ്ണഹസാരെ ജന്തർ മന്ദറിൽ വീണ്ടും നിരാഹാരസമരത്തിനെത്തിയിരിക്കുന്നത്. അഴിമതിക്കേസുകൾ അന്വേഷിക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെ വെള്ളിയാഴ്ച്ച മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ സ്വാമിനാഥൻ കമ്മീഷനൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു.
ആവശ്യങ്ങളുന്നയിച്ച് മോദിക്കെഴുതിയ 43 കത്തുകളിൽ ഒന്നിനു പോലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് നിർബന്ധിതനായതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ നടപടികളുണ്ടാകുംവരെ സമരം തുടരാനാണ് തീരുമാനം. ആദ്യദിനം ആറായിരത്തോളം പേരാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്. സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞതിന് കാരണം മോദി സർക്കാരാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
പ്രക്ഷോഭകർ ഡൽഹിയിലേക്കെത്താതിരിക്കാൻ നിരവധി ട്രെയിനുകൾ സർക്കാർ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. തന്റെ സമരത്തിന് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

