പി.ചിദംബരത്തിനെതിരെ നോട്ടീസ് നൽകുമെന്ന് സി.ബി.ഐ
ന്യൂഡൽഹി : ഐ.എൻ.എക്സ് മീഡിയ തട്ടിപ്പുകേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ചോദ്യംചെയ്യാൻ സി.ബി.ഐ ഒരുങ്ങുന്നു. സി.ബി.ഐ ആസ്ഥാനത്ത് ചോദ്യംചെയ്യലിനായി ഹാജരാകുന്നത് ചിദംബരത്തിന് ഉടൻ നോട്ടീസ് നൽകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
ഐ.എൻ.എക്സ് മീഡിയയിലേക്കു മൗറീഷ്യസിൽനിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങൾ മറികടന്നാണെന്ന കേസിൽ ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കാർത്തി ഇപ്പോൾ സി.ബി.ഐ കസ്റ്റഡിയിലാണ്. ശനിയാഴ്ച കാർത്തിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാർത്തി ഐ.എൻ.എക്സ് മീഡിയ ഇടപാടും ചട്ടങ്ങളിലെ ഇളവുകളും നേടിയെടുത്തത്. കാർത്തി ഐ.എൻ.എക്സിൽനിന്നു കൺസൾട്ടേഷൻ ഫീസായി പത്തുലക്ഷം രൂപ വാങ്ങിയതായും സി.ബി.ഐ കണ്ടെത്തി. കാർത്തിയുടെ ഓഡിറ്റർ ഭാസ്കര രാമനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

