പെരിയാർ പ്രതിമ അക്രമികൾ തകർത്തു
വെല്ലൂർ : തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതിമയ്ക്കുനേരെ ആക്രമണം. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്പതോടെയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബി.ജെ.പി പ്രവർത്തകനും മറ്റൊരാൾ സി.പി.ഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.
അതേ സമയം വെല്ലൂരിൽ പെരിയാറിന്‍റെ പ്രതിമ തകർത്തതിനു പിന്നാലെ തമിഴ്നാട്ടിൽ വ്യാപക ആക്രമണം. ഇന്ന് പുലർച്ചെ കോയന്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി.
പുലർച്ചെ 3.20ന് ബൈക്കിലെത്തിയ സംഘമാണ് കോയന്പത്തൂരിൽ ഗാന്ധിപുരത്ത് വി.കെ.കെ റോഡിന് സമീപത്തുള്ള ഓഫീസിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

