മോ­ദി­യു­ടെ­ പരീ­ക്ഷാ­ പേ­ ചർ­ച്ച : ദളിത് വി­ദ്യാ­ർ­ത്ഥി­കൾ പു­റത്തി­രു­ന്ന് കേ­ട്ടാ­ൽ­ മതി­യെ­ന്ന് സ്കൂൾ അധി­കൃ­തർ


ഷിംല : ഹമാചൽപ്രദേശിലെ സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയുടെ തത്സമയ സംപ്രേക്ഷണത്തിനിടെ ദളിത് വിദ്യാർത്ഥികളെ സ്കൂളിന് പുറത്തിരുത്തിയ സംഭവം വിവാദങ്ങൾക്കിടയാക്കി. രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളുമായി സംവദിച്ച് അവരുടെ പരീക്ഷാ പേടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മോദി പരീക്ഷാ പേ ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ കുളു ജില്ലയിലെ ഒരു സ്കൂളിൽ ദളിത് വിദ്യാർത്ഥികളെ ക്ലാസ് റൂമിന് പുറത്ത് ഇരുത്തിയാണ് ഈ പരിപാടി കാണിച്ചതെന്നാണ് ആക്ഷേപം. സ്കൂളിന് പുറത്തുള്ള ഈ സ്ഥലം കന്നുകാലികളെയും മറ്റും കെട്ടുന്ന സ്ഥലമാണെന്നും പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് പോയാൽ പരീക്ഷയിലെ മാർക്ക് കുറയ്ക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഫെബ്രുവരി 16ന് വിദ്യാലയത്തിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്താൻ തീരുമാനിക്കുന്നത്. എന്നാൽ മെഹർ ചന്ദ് എന്ന അദ്ധ്യാപകൻ എല്ലാ ക്ലാസുകളിലുമെത്തി ദളിത് വിദ്യാർത്ഥികൾ പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ തങ്ങൾക്ക് മറ്റ് കുട്ടികളുടെ കൂടെ ഉച്ച ഭക്ഷണം വിതരണം ചെയ്യാറില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവുമായി ദളിത് സംഘടനകൾ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ മാപ്പ് പറഞ്ഞെങ്കിലും ദളിത് സംഘടനകൾ അടങ്ങുന്ന മട്ടില്ല. സംഭവത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed