ആധാർ സുരക്ഷിതമല്ല : കൂടുതൽ വിമർശനവുമായി സ്നോഡൻ
ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനു പിന്നാലെ എഡ്വേഡ് സ്നോഡൻ കൂടുതൽ വിമർശനങ്ങളുമായി രംഗത്ത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ് ആധാർ എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചത്. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നതിനെ ക്രിമിനൽ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ചാര സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുൻ തലവൻ കെ.സി വർമ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡൻ തന്റെ വിശദീകരണം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളും ടെലികോം കന്പനികളും ആധാറിനു വേണ്ടി നിർബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനെയും അദ്ദേഹം വിമർശിച്ചു. ആധാർ തിരിച്ചറിയൽ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങൾ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ട്വീറ്റിനെയും സ്നോഡൻ വിമർശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ, ഓഹരി വിവരങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, സ്വത്തുവിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, കുടുംബവിവരങ്ങൾ, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡേറ്റാബേസിലില്ലെന്നും ട്വീറ്റിൽ യു.ഐ.ഡി.എ.ഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ്ടാഗോടെയായിരുന്നു വിശദീകരണം.
എന്നാൽ ബാങ്കുകളെയും ഭൂഉടമകളെയും ആശുപത്രികളെയും സ്കൂളുകളെയും ഫോൺഇന്റർനെറ്റ് കന്പനികളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് നിയമം മൂലം മാറ്റിനിർത്തിയാൽ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്നോഡന്റെ മറുപടി. സർക്കാർ ഏജൻസികൾ മാത്രമല്ല ഇന്ത്യയിൽ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ആരോടു ചോദിച്ചാലും മനസ്സിലാകും. അത്തരം കന്പനികളുടെ കയ്യിലും ആധാർ ഡേറ്റാബേസ് ഉണ്ടാകുമെന്നോർക്കണമെന്നും സ്നോഡൻ ചൂണ്ടിക്കാട്ടി. ജനുവരിയിൽ മാത്രം ഇതു മൂന്നാം തവണയാണ് ഈ മുൻ യു.എസ് ദേശീയ സുരക്ഷാ ഏജൻസി(എൻ.എസ്.എ) താൽകാലിക ജീവനക്കാരൻ ആധാറിനെതിരെ രംഗത്തെത്തുന്നത്.

