പ്ലാസ്റ്റിക് ദേശീയ പതാകകൾ നിരോധിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പാതകകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് പതാകകൾ ഉപേക്ഷിക്കണമെന്നും ഫ്ളാഗ് കോഡ് കൃത്യമായി പാലിക്കണമെന്നുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തിന് പ്രതീക്ഷകളും പ്രചോദനവുമേകുന്ന ദേശീയപതാകയ്ക്ക് അർഹിക്കുന്ന ബഹുമാനം നൽകിയേ തീരു എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 1971ലെ നാഷണൽ ഓണർ ആക്ടിൽ ഫ്ളാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങൾ ഇത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഏതെങ്കിലും വ്യക്തിയോ സംഘടനയോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ദേശീയപതാകയെ വികലമാക്കുകയോ, അപകീർത്തിപ്പെടുത്തുകയോ, രൂപമാറ്റം വരുത്തുകയോ, നശിപ്പിക്കുകയോ, നിന്ദിക്കുകയോ, മറ്റേതെങ്കിലും തരത്തിൽ ബഹുമാനക്കുറവ് കാണിക്കുകയോ ചെയ്തെങ്കിൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണത്.
2002ൽ പ്ലാസ്റ്റിക് പതാകകൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും പിന്നീട് വീണ്ടും പ്ലാസ്റ്റിക് പതാകകൾ വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വീണ്ടും കർശന നടപടികളുമായി മുന്നോട്ട് പോകുന്നത്.

