ഗോപിയോ കൺവെൻഷന് തുടക്കമായി
മനാമ : ഗ്ലോബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒർജിൻ’ (ഗോപിയോ)യുടെ നേതൃത്വത്തിൽ പ്രവാസി സംഗമത്തിന് ഗൾഫ് ഹോട്ടലിലെ ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മഹാരാഷ്ട്ര കാബിനറ്റ് അഫയേർസ് മന്ത്രി രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ബോർഡ് മെന്പർ അഹ്്ലം ജനാഹി, ലോർഡ് ഡിൽജിത് റാണ (ഹൗസ് ഒാഫ് ലോർഡ് യുകെ), മുൻ ബിജെപി എം.പിയും പയനീർ എഡിറ്ററുമായ ചന്ദ്രൻ മിത്ര, സോമൻ ബേബി,ഡേ.തോമസ് അബ്രഹാം, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്ലോബൽ പ്രസിഡൻ്റ് നീരജ് ബക്ഷി അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുലത്താക്കൽ സ്വഗതം പറഞ്ഞു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും നാനൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് വുമൻ അച്ചീവേർസ് പുരസ്കാരം സമ്മാനിച്ചു. ഇതിന് ശേഷം ആഷിയാനാ, മൈ പാരഡൈസ് എന്ന നാടകവും അരങ്ങേറി.
ഇന്നലെ രാവിലെ നടന്ന സെഷനിൽ ബഹ്റൈൻ കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ഷെയ്ഖ് ഖലീഫ ബിൻ ദുെഎജ് ആൽ ഖലീഫ മുഖ്യാതിഥിയായിരുന്നു. ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ഹമുദ് ആൽഖലീഫ, മുൻ മന്ത്രി മിലിന്ദ് ഡിയോറ, ബിജെപി എം പിയായ ഉദിത് രാജ് തുടങ്ങിയവർ ഈ സെഷനിൽ പങ്കെടുത്തു സംസാരിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ബാനാ ഗാസ് സിഇഒ ഡോ. ഷെയിക്ക് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ബഹ്റൈൻ ജലവൈദ്യുതി മന്ത്രി അസീസ് മിർസ നിർവ്വഹിച്ചു. തുടർന്ന് ബിസിനസ്മെൻ അവാർഡുകൾ വിതരണം ചെയ്തു. ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സെഷനുകൾ നടക്കുന്നുണ്ട്. ആറ് മണിക്കാണ് സമ്മാപന സമ്മേളനം ആരംഭിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സമാപന ചടങ്ങിലെ മുഖ്യാതിഥി. എഐസിസി അദ്ധ്യക്ഷനായതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഒരു വിദേശ രാജ്യത്ത് എത്തുന്നത്.

